ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ നിലമ്പൂര്‍ ബ്ലോക്കിലാണ് മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂത്തേടം കരുളായി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മൂത്തേടം ഗ്രാമപഞ്ചായത്തിന് 48 ച.കി.മി വിസ്തീര്‍ണ്ണമുണ്ട്. വടക്ക് എടക്കര പഞ്ചായത്തും തെക്ക് കരുളായി പഞ്ചായത്തും കിഴക്ക് റിസര്‍വ്വ് വനവും പടിഞ്ഞാറ് പുന്നപ്പുഴ, ചുങ്കത്തറ പഞ്ചായത്തുമാണ് പഞ്ചായത്തിന്‍റെ അതിരുകള്‍. 3 ഭാഗവും പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും വലയം ചെയ്യപ്പെട്ടിരിക്കുന്ന ഒരു അവികസിത കാര്‍ഷിക ഗ്രാമമാണ് മൂത്തേടം. വിശാലമായ പാടശേഖരങ്ങള്‍ ഈ പഞ്ചായത്തിന്‍റെ പ്രത്യേകതയാണ്. ഏറനാട് താലൂക്കിന്‍റെ കിഴക്കന്‍ മേഖലയില്‍ പുതുതായി രൂപംകൊണ്ട നിലമ്പൂര്‍ താലൂക്കിന്‍റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും പുന്നപ്പുഴയുടെയും സംഗമസ്ഥാനത്തിന് മുകളില്‍ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പ്രകൃതി മനോഹരമായ മൂത്തേടം പഞ്ചായത്ത്. ഗതാഗതത്തിന്‍റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അപര്യാപ്തത മൂലം വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നെങ്കിലും ഇവിടുത്തെ ജനങ്ങള്‍ പരമ്പരാഗതമായ ആചാര്യ മര്യാദകളിലും സൗഹാര്‍ദ്ദപരമായ ജീവിത രീതിയിലും അധ്വാനശേഷിയിലും സംസ്ക്കാര സമ്പന്നതയിലും മറ്റേത് പ്രദേശത്തേക്കാളും മുന്‍പന്തിയിലാണ്.
കോഴിക്കോട്ടെ മൂത്തേടം എന്ന സ്ഥലത്തുളള ഏതാനും കുടുംബങ്ങള്‍ ഇപ്പോള്‍ കാട്ടിക്കല്ലില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിം പളളി കേന്ദ്രമാക്കി താമസമാക്കിയതിനാലാണ് ഈ പ്രദേശത്തിന് മൂത്തേടം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. 1700കളുടെ ആദ്യ ഘട്ടത്തില്‍ ഒരു നാഗരിക സമൂഹം ഇവിടെ ജീവിച്ചിരുന്നതായി പഞ്ചായത്തിലെ സ്ഥലനാമങ്ങളായ ചേലക്കടവ്, മരത്തിന്‍കടവ്, നമ്പൂരിപൊട്ടി, കാരപ്പുറം, കല്‍ക്കുളം,ചെമ്മന്തിട്ട, പാലാങ്കര എന്നിവയില്‍ നിന്നും അടുത്തുളള വനാന്തര്‍ ഭാഗത്തെ ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഈ ഭൂപ്രദേശത്ത് പൂര്‍വ്വികരായ ബ്രാഹ്മണര്‍ ചേലകഴുകാനും കുളിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന കടവിന് ചേലക്കടവ് എന്നും, ധാരാളം സന്യാസിമാര്‍ ആദ്യ കാലങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ച് ഇവിടെ താമസമാക്കിയെന്നും ഇവിടം അവര്‍ കടവായി ഉപയോഗിച്ചു എന്നും അങ്ങിനെ മഠത്തുംകടവ് എന്ന പേര് ലഭിച്ചുവെന്നും ക്രമേണ മഠത്തുംകടവ് മരത്തുംകടവ് ആയി മാറിയെന്നും ,അതല്ല മരത്തടികള്‍ ഈ കടവില്‍ നിന്നും മറ്റ് സ്ഥങ്ങളിലേക്ക് കൊണ്ടുപോയിരുന്നതിനാലാണ് മരത്തുംകടവ് എന്ന പേരുണ്ടായത് എന്നും ഈ പ്രദേശം പണ്ട് നമ്പൂതിരിമാര്‍ താമസിക്കാന്‍ ഉപയോഗിച്ചതുകൊണ്ടാണ് ആ പ്രദേശത്തിന് നമ്പൂരിപൊട്ടി എന്ന് പേരുണ്ടായതെന്ന് പറയപ്പെടുന്നു. ബ്രാഹ്മണര്‍ കെട്ടിയുണ്ടാക്കിയ കുളങ്ങളുടെ ചരിത്രാവശിഷ്ടങ്ങള്‍ പലതും കാണപ്പെടുന്ന പ്രദേശമാണത്രെ കല്‍ക്കുളം എന്നറിയപ്പെടുന്നത്. പുതുവായ് മുതല്‍ താളിപ്പാടം വരെ ചെമ്മന്തിട്ട ദേവസ്വം വകയായിരുന്നതിനാല്‍ അവിടം ചെമ്മന്തട്ടകം എന്ന് വിളിക്കപ്പെട്ടു. ആദ്യ കാലങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളും വയലുകളായിരുന്നതിനാല്‍ ജനങ്ങള്‍ താമസമാക്കിയ സ്ഥലം കരപ്രദേശം എന്നറിയപ്പെടുകയും പില്‍ക്കാലത്ത് ഈ പ്രദേശത്തിന്‍റെ പേര് കരപ്പുറം എന്നായി മാറുകയും ചെയ്തു. കരപ്പുറമാണ് പിന്നീട് കാരപ്പുറമായി മാറിയത്. ധാരാളം താളിമരങ്ങള്‍ വളര്‍ന്ന് വന്നിരുന്ന് പ്രദേശമാവാം താളിപ്പാടം ആയി മാറിയത്. നിലമ്പൂര്‍ കോവിലകം ചെമ്മന്തിട്ട ദേവസ്വം എന്നീ വന്‍കിട ഭൂവുടമകളായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കയ്യടക്കി വെച്ചിരുന്നത്. പാലാങ്കര ഭാഗം കല്ലുവെട്ടി കുടുംബവും,കാരോട് ഭാഗം വലിയപീടികക്കല്‍ കുടുംബവും, വട്ടപ്പാടം ഭാഗം തണ്ടുപാറകുടുംബവും അധീനപ്പെടുത്തി വച്ചിരുന്നു. കല്ലുവെട്ടികളുടെയും നിലമ്പൂര്‍ കോവിലകത്തിന്‍റെയും വകയായി ഉണ്ടായിരുന്ന് ഭൂപ്രദേശത്തിന്‍റെ അതിര് എന്ന നിലക്ക് നിലമ്പൂര്‍ കോവിലകം ദാനം ചെയ്ത സ്ഥലത്ത് മൂത്തേടം മുസ്ലിം പളളി സ്ഥാപിക്കപ്പെടുകയുണ്ടായി. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ മുസ്ലിം പളളി ചുങ്കത്ത, എടക്കര ഭാഗങ്ങളിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിംപളളിയാണ്. 1928 ല്‍ വലിയപീടിയക്കല്‍ ഉണ്ണ്യസ്സന്‍ ഹാജി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ മാപ്പിള ബോര്‍ഡ് സ്ക്കൂള്‍ മൂത്തേടത്ത് സ്ഥാപിച്ചു. 1953 ല്‍ പാലാങ്കരയില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ ദേവാലയം കാരാവളളയില്‍ ശമുവല്‍ എന്ന് വ്യക്തി നല്‍കിയ സ്ഥലത്ത് സ്ഥാപിക്കപ്പെട്ടു. മൂത്തേടം പഞ്ചായത്തിന്‍റെ ആസ്ഥാനം സി.കെ.മൊയ്തീന്‍കുട്ടി ഹാജി യുടെ കെട്ടിടത്തിലാണ് ആരംഭിച്ചത്. ഏഷ്യയില്‍ തന്നെ മികച്ച പാലുല്‍പാദന കേന്ദ്രമായിരുന്നു മൂത്തേടം. പ്രകൃതി ദുരന്തങ്ങള്‍ വലിയോതോതിലൊന്നും ബാധിച്ചിട്ടില്ലാത്ത പ്രദേശമാണ് മൂത്തേടം.