ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു മലയോര ഗ്രാമമാണ് മൂത്തേടം. മൂത്തേടം പഞ്ചായത്തിന്റെ സ്ഥാനം വനമേഖലയോടും പുഴകളോടും ചേർന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന കുന്നുകളും ചരിവുകളും നിറഞ്ഞതാണ് ഇവിടം. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകളുടെ അടിവാരത്തിലാണ് മൂത്തേടം സ്ഥിതി ചെയ്യുന്നത്. പുഴയോരങ്ങളോട് ചേർന്ന് ഫലഭൂയിഷ്ഠമായ ചെറിയ സമതല പ്രദേശങ്ങളുമുള്ള ഒരു കാര്‍ഷിക മേഖലയാണ് മൂത്തേടം. പഞ്ചായത്തിന്റെ ഒരു വശം ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ടതാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനമേഖലയായതിനാൽ പ്രകൃതിരമണീയമായ ഒരു അന്തരീക്ഷമാണ് മൂത്തേടത്തിന്റേത്.